ആമുഖം

കേരളത്തിലെ അപൂർവ്വം ശനീശ്വരക്ഷേത്രങ്ങളിൽ ഒന്നാണ് ചേർത്തല കടക്കരപ്പള്ളി പടിഞ്ഞാറെ കൊട്ടാരം ശ്രീധർമ്മശാസ്താ ക്ഷേത്രം. ചേർത്തല റയിൽവേ സ്റ്റേഷന് 1.50 കി.മീ. വടക്ക് തങ്കി കവലയിൽ നിന്നും പടിഞ്ഞാറ് കൊട്ടാരം റയിൽവേ ക്രോസിന് ഏകദേശം 300 മീററർ തെക്ക് മാറി ഈ അതിപുരാതന ക്ഷേത്രം സ്ഥിതി ചെയ്യുന്നു. കലിയുഗവരദനും ആപത്ബാന്ധവനും അന്നദാനപ്രഭുവും, ആശ്രിതവത്സലനുമായ ശ്രീധർമ്മശാസ്താവ് ശനീശ്വരചൈതന്യം പൂണ്ട് നിലകൊള്ളുന്നു. ശനിദോഷ നിവാരണത്തിന് അസംഖ്യം ഭക്തജനങ്ങൾ ഈ ക്ഷേത്രത്തിൽ എത്തിചേരുന്നു. മംഗല്യദോഷനിവാരണത്തിനും നെടുമംഗല്യ ത്തിനും ഐശര്യാഭിവൃദ്ധിക്കുമായി അനുഗ്രഹവർഷം ചൊരിയുന്ന ആദിപ്രതിഷ്ഠയായ ശ്രീഭഗവതി പാൽക്കടലിലേക്ക് അഭിമുഖമായി കുടികൊള്ളുന്നു. ശ്രീപരമശിവൻ, ശ്രീഗണപതി, ബ്രഹ്‌മരക്ഷസ്സ് സർപ്പദൈവങ്ങൾ എന്നീ ഉപദൈവങ്ങളും ക്ഷേത്രത്തിൽ വാണരുളുന്നു. ക്ഷേത്രത്തിൽ ചെമ്പ് കൊണ്ടുള്ള കൊടിമരം, ഗജമണ്ഡപം, സ്റ്റേജ്, ഓഡിറേറാറിയം എന്നിവ സ്ഥാപിച്ചിട്ടുണ്ട്.