വഴിപാടുകൾ

NB : നിവേദ്യ വഴിപാടുകൾ രാവിലെ 9 മണിക്ക് മുൻപ് രസീതെടുക്കേണ്ടതാണ്

ശനിദോഷം മാറാൻ പ്രത്യേക വഴിപാടുകൾ

മനുഷ്യജീവിതത്തിൽ തമോഗുണപ്രധാനിയായ ശനിയുടെ ദശാകാലത്ത് ജാതകൻറ മനോഘടനയ്ക്ക് അനുയോജ്യനായ ദേവതാസങ്കല്പ‌മായ ശാസ്താവിനെ ഭജിക്കുന്നതിലൂടെ അവനിൽ തമോഗുണം അധികരിക്കുന്നത് തടയാൻ കഴിയുന്നു. ഇതിനായി സാത്വികമായ പൂജാവിധികളോടുകൂടിയ ഈ ശനീശ്വരക്ഷേത്രത്തിൽ ദർശനം നടത്തി വഴിപാട് നടത്തിയാൽ മതിയാകും. പ്രശസ്‌ത ജ്യോതിഷികളുടെ പ്രശ്‌നചാർത്ത് പ്രകാരം നിരവധി ഭക്തജനങ്ങൾ ശനി, ബുധൻ ദിവസങ്ങൾക്ക് പ്രാധാന്യം നല്‌കി ഈ ക്ഷേത്രത്തിൽ എത്തിച്ചേരുന്നത് ഇതിന് നിദാനമാണ്. ഏഴരശ്ശനി, കണ്ടകശനി, ജന്മശനി എന്നീ ദോഷങ്ങളുടെ തീവ്രത ഇല്ലാതാക്കുന്നതിന് ഈ ക്ഷേത്രത്തിൽ നടത്തുന്ന പ്രത്യേക വഴിപാടുകളിൽ ഏററവും പ്രധാനപ്പെട്ടത് കളഭാഭിഷേകം ആണ്. ഒരു ദിവസത്തെ പൂജയും നിറമാല ദീപാരാധനയും ആണ് അതീവ ശ്രേഷ്ഠമായ മററുവഴിപാടുകൾ, ശനിശാന്തിഹോമം നീരാഞ്ജന ദീപംതെളിക്കൽ, അപ്പം വഴിപാട് (സംക്രമദിവസം) തുടങ്ങിയ വഴിപാടുകളും ദോഷപരിഹാരാർത്ഥം നടത്തുന്നു.

കളഭാഭിഷേകം

ശനിദോഷത്തിലുഴലുന്ന ഭക്തജനങ്ങൾ ദോഷനിവാരണത്തിനും അഭീഷ്ടസിദ്ധിക്കും ആയി അർപ്പിക്കുന്ന ഏററവും പ്രാധാന്യമേറിയ വഴിപാടാണ് കളഭാഭിഷേകം. ചന്ദനം, അകിൽ, ഗുൽഗുലു, കുങ്കുമപ്പൂവ്, കൊട്ടം, ഇരുവേലി, രാമച്ചം എന്നിവ അരച്ച് കുഴമ്പ് രൂപത്തിൽ ചേർത്തു കളഭക്കൂട്ടുണ്ടാക്കി ആവാഹിച്ച് വിഗ്രഹത്തിലേക്ക് പകരുന്നു. കളഭം പൂശിയ വിഗ്രഹം ദർശിക്കുന്നത് അതീവശ്രേഷ്ഠമാണ്. ക്ഷേത്രം തന്ത്രി നേരിട്ടു ചെയ്യുന്ന വഴിപാടാണിത്. തുടർന്നു ഭഗവൽ പ്രസാദമായി പടച്ചോർ, പിഴിഞ്ഞുപായസം എന്നിവ ഭക്തർക്ക് ലഭിക്കുന്നു. കളഭാഭിഷേകത്തിന് 25000 രൂപ മുൻകുറായി ദേവസ്വത്തിൽ അടയ്ക്കണം.

ഒരു ദിവസത്തെ പൂജയും നിറമാലാ ദീപാരാധനയും

ഭഗവാന് അഭിഷേകം, ചന്ദനം ചാർത്ത് തുടർന്ന് ഗണപതിഹോമവും നടത്തുന്നു. ശാസ്താവിന് പിഴിഞ്ഞുപായസ നിവേദ്യം, ശ്രീഭഗവതിക്ക് കടുംപായസം, ബ്രഹ്‌മരക്ഷസിന് പാൽപായസം, ശ്രീപരമേശ്വരന് വെള്ളനിവേദ്യം, സർപ്പദൈവങ്ങൾക്ക് മഞ്ഞൾപ്പൊടി അഭിഷേകം എന്നിവ ഒരു ദിവസത്തെ പൂജക്ക് നടത്തപ്പെടുന്നു. വൈകിട്ട് നിറമാല്യാദികളോടുകൂടിയ ദീപാരാധനയും ഉണ്ടാകും. ഈ രണ്ടു വഴിപാടുകൾക്കും കൂടി 1700 രൂപ ആണ് ഈടാക്കുന്നത്.

നീരാഞ്ജനദീപം

ശ്രീധർമ്മശാസ്താവിൻ്റെ സവിധത്തിൽ (ശ്രീകോവിലിൽ) ഭക്തർ സമർപ്പിക്കുന്ന നാളികേരം ഉടച്ചുവച്ച് എള്ളെണ്ണയിൽ മുക്കിയ തിരികത്തിച്ച് മന്ത്രോച്ചാരണം നടത്തി ഭഗവാന്റെ തൃപ്പാദങ്ങളിൽ പുഷ്‌പങ്ങൾ അർപ്പിക്കുന്ന വഴിപാടാണ് നീരാഞ്ജനദീപം ഭക്തരുടെ ശനിദോഷപാപങ്ങൾ തിരി കത്തുന്നതിലൂടെ ഇല്ലാതാക്കി തീർക്കുക എന്നതാണ് ഈ വഴിപാടിൻ്റെ പ്രത്യേകത. 12,18 ശനിയാഴ്ചകൾ തുടർച്ചയായി ഈ വഴിപാട് നടത്തുന്നതുകൊണ്ട് ശനിദോഷകാഠിന്യം കുറയുമെന്ന് അനുഭവകഥകളിലൂടെ ഭക്തർ ഓർമ്മിപ്പിക്കുന്നു. ശനിശാന്തിഹോമം, ശനീശ്വര പൂജ പിഴിഞ്ഞുപായസം, നെയ്യഭിഷേകം തുടങ്ങിയ വഴിപാടുകളും ഭക്തർ നടത്തിവരുന്നു.

ശ്രീഭഗവതി

മംഗല്യഭാഗ്യത്തിന് പട്ടുംതാലിയും വഴിപാടായി ഭക്തജനങ്ങൾ ശ്രീഭഗവതിക്ക് സമർപ്പിക്കുന്നു. ശ്രീഭഗവതിക്ക് ഏററവും പ്രാധാന്യമേറിയ വഴിപാടാണ് കുങ്കുമാഭിഷേകം. ക്ഷേത്രം തന്ത്രി നേരിട്ടു ചെയ്യുന്ന ഒരു വഴിപാട് എന്നതും ഒരു പ്രത്യേകതയാണ്. ആഗ്രഹസാഫല്യത്തിനും, സർവൈശ്യര്യങ്ങൾക്കുമായി ഭഗവതിസേവ താലപ്പൊലി, കടുംപായസം എന്നീ വഴുപാടുകളും നടത്തപ്പെടുന്നു. കളംഎഴുത്തുപാട്ട്, തീയാട്ട് തുടങ്ങിയ വഴിപാടുകളും ഭഗവതിക്ക് നടത്തപ്പെടുന്നു.

ബ്രഹ്മരക്ഷസ്

ക്ഷേത്രത്തിന്റെ തെക്കുഭാഗത്തായിട്ടാണ് ബ്രഹ്‌മരക്ഷസ് കുടികൊള്ളുന്നത്. 2007-2008 വർഷത്തിൽ മൂന്നുലക്ഷത്തിൽ അധികം രൂപചെലവഴിച്ച് പൗരാണിക മാതൃകയിൽ ഈ ക്ഷേത്രം പുനരുദ്ധരിക്കുകയുണ്ടായി ഒരുകൂടം പാലിൻ്റെ പാൽപായസം ആണ പ്രധാനവഴിപാട്. സർവ്വവിഘ്നങ്ങളും മാറികിട്ടുന്നതിന് നിരവധി ഭക്തജനങ്ങൾ ഈ വഴിപാട് നടത്തിവരുന്നു.

പരമശിവൻ - ഗണപതി

ശ്രീപരമശിവനും, ഗണപതിയും ഒരു ആലയത്തിൽ സ്ഥാപിച്ചിരിക്കുന്നു എന്ന പ്രത്യേകത ആണ് എടുത്തുപറയാവുന്നത്. പുറകിൽവിളക്ക്, വെള്ളനിവേദ്യം, ധാര എന്നിവ പരമശിവനും, ഗണപതിഹോമം, കറുകഹോമം എന്നിവ ഗണപതിക്കും ഉള്ള പ്രധാന വഴിപാടുകൾ ആണ്.

സർപ്പദൈവങ്ങൾ

നാഗരാജാവ്, നാഗയക്ഷിയമ്മ തുടങ്ങിയ സർപ്പദൈവങ്ങൾക്ക് എല്ലാ ആയില്യം നാളുതോറും തളിച്ചുകൊട നടത്തുന്നു.

പ്രത്യേക വഴിപാടുകൾ

  • 1.ശനീശ്വര പൂജ : 150.00
  • 2. കളഭാഭിഷേകം : 25,000.00
  • 3. മൃത്യുഞ്ജയഹോമം : 501.00
  • 4. അഷ്ടദ്രവ്യ ഗണപതിഹോമം : 600.00
  • 5. ഒരു കുടം പാലിൻ്റെ പാൽപായസം : 700.00
  • 6. സ്പെഷ്യൽ തളിച്ചുകൊട : 500.00
  • 7. നിറമാല ദീപാരാധന : 3500.00
  • (ചുറ്റു വിളക്കോടുകൂടി)

വഴിപാടുകൾക്കുള്ള തുക ചെക്ക്/ഡി.ഡി. ആയി മുൻകൂട്ടി "സെക്രട്ടറി, പടിഞ്ഞാറെകൊട്ടാരം ദേവസ്വം, കടക്കരപ്പള്ളി പി.ഒ. എന്ന വിലാസത്തിൽ അയക്കുകയോ, അല്ലെങ്കിൽ ഫെഡറൽ ബാങ്ക് എസ്‌.ബി. അക്കൗണ്ട് NO.12260100106778 (IFSC Code FDRL0001226) ൽ അടച്ച് വിവരം അറിയിക്കുകയോ ചെയ്യേണ്ടതാണ്.