തിരുവുത്സവം

ധനുമാസത്തിലെ പുണർതം നക്ഷത്രത്തിൽ ആറാട്ടോടുകൂടി സമാപിക്കുന്ന രീതിയിൽ രേവതി നക്ഷത്രത്തിൽ തൃക്കൊടിയേററ് നടത്തി ഏഴു ദിവസത്തെ തിരുവുത്സവം ആണ് നടത്തുന്നത്. കൊടിയേററിന് തലേന്ന് ദേശതാലപ്പൊലി 1608, 1621 എന്നീ എൻ.എസ്.എസ്. കരയോഗങ്ങൾ ഓരോ വർഷവും മാറി മാറി നടത്തുന്നു. ദേശതാലപ്പൊലി 1608എൻ.എസ്.എസ്. കരയോഗം പാട്ടത്തിൽ മഠം ദേവിക്ഷേത്രത്തിൽ നിന്നും, 1621എൻ.എസ്.എസ്. കരയോഗത്തിന്റേത് ചേന്നോത്ത് മഠത്തിൽ നിന്നും ആണ് പുറപ്പെടുന്നത്. തുടർന്ന് കളംഎഴുത്തുപാട്ട് ദേവസ്വത്തിന്റെ ചുമതലയിൽ നടത്തിവരുന്നു. കൊടിയേററ് ഉത്സവം ദേവസ്വത്തിൻ്റെ ചുമതലയിലാണ് നടത്തുന്നത്. കൊടിയേററ് ദിവസം മണികണ്ഠൻ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ക്ഷേത്രകലകൾക്ക് പ്രാധാന്യം നല്കിയുള്ള പരിപാടികൾ നടത്തുന്നു. 1008ലധികം ക്ഷേത്രങ്ങളുടെ താന്ത്രിക അവകാശമുള്ള പുലിയുന്നൂർമനയ്ക്കൽതന്ത്രിമുഖ്യനാണ് ഉത്സവകർമ്മങ്ങൾക്ക് കാർമ്മികത്വം വഹിക്കുന്നത്. അശ്വതി, ഭരണി എന്നീ ദേവസ്വം അഹസ്സുകൾ ശ്രീധർമ്മശാസ്താ സേവാസംഘവും, പടിഞ്ഞാറെകൊട്ടാരം ഭക്തജനസമിതിയും അത്യാർഭാടപൂർവ്വം വഴിപാടായി നടത്തുന്നു. ആദികാലം മുതല്ക്കുള്ള അഹസ്സുകളായ കാർത്തിക, രോഹിണി, മകയിരം അഹസ്സുകൾ യഥാക്രമം പാട്ടത്തിൽ കുടുംബയോഗം, കട്ടിയാട്ട് കുടുംബയോഗം, മനപ്പള്ളിൽ കുടുംബയോഗം എന്നിവർ നടത്തിവരുന്നു. രോഹിണി ദിവസം ഉത്സവബലി രാവിലെ തുടങ്ങി പകൽ നാലു മണി വരെ നീളുന്നു. ഉത്സവബലി ദർശനം അതീവ ശ്രേഷ്ഠമായി കരുതുന്നു. ഉത്സവബലിദിവസം കൊട്ടാരംഭഗവതി ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ദേശതാലപ്പൊലിയും നടത്തിവരുന്നു. ഉത്സവ ദിവസങ്ങളിൽ കൊടിമരച്ചുവട്ടിൽ നിറപറകൾ ഭഗവാന് കാർത്തിക ദിവസം കൊട്ടാരം ശ്രീ ദുർഗാ ട്രസ്റ്റ്ന്റെ ആഭിമുഖ്യത്തിൽ ദേശ താലപ്പൊലിയും സമർപ്പിക്കുന്നത് അതീവ ശ്രേഷ്ഠമാണ്.
1608, 1621 എൻ.എസ്.എസ്. കരയോഗങ്ങളുടെ ആഭിമുഖ്യത്തിൽ തിരുവാതിര, ആറാട്ട് മഹോത്സവങ്ങൾ ഓരോ വർഷവും മാറിമാറി നടത്തുന്നു. ഗജവീരൻമാരുടെ അകമ്പടിയോടുകൂടിയ പകൽപ്പൂരം, തിരുവാതിര വിളക്ക് എന്നിവ തിരുവാതിര മഹോത്സവത്തിനും, പകൽപ്പൂരം, ആറാട്ട് എഴുന്നള്ളിപ്പ് എന്നിവ ആറാട്ടു മഹോത്സവത്തിനും മാറുക്കൂട്ടുന്നു. ആറാട്ട് കിഴക്കേകൊട്ടാരം ശ്രീധർമ്മ ശാസ്താ ക്ഷേത്രക്കുളത്തിൽ നടത്തി ആറാടി വരുന്ന ഭഗവാനെ നിറപറകൾ സമർപ്പിച്ചു ഭക്തർ എതിരേൽക്കുന്നു.
ആറാട്ട് ദിവസം ഭക്തർ വഴിപാടായി നടത്തുന്ന കാവടി, കുംഭകുടം, അഭിഷേകങ്ങൾ പിറേറദിവസം ഭഗവാന് സമർപ്പിക്കുകയും ചെയ്യുന്നു. അന്നേദിവസം പഴയാറ്റ് കുടുംബം പുരാതനകാലം മുതൽക്കു തന്നെ കളഭാഭിഷേകം വഴിപാടായി നടത്തിവരുന്നു.
ശ്രീമദ്ഭാഗവതസപ്താഹയജ്ഞം
എല്ലാ വർഷവും മെയ് 2 ന് അവസാനിക്കുന്ന രീതിയിലാണ് ശ്രീമദ്ഭാഗവത സപ്താഹ യജ്ഞം നടത്തി വരുന്നത്. അഖണ്ഡനാമജപം, ശ്രീരാമപട്ടാഭിഷേകം, ശ്രീമദ്ഭാഗവത സപ്താഹ യജ്ഞം എന്നീ യജ്ഞങ്ങൾ ആറുപതിററാണ്ടിലധികമായി നടന്നുവരുന്നു. കൊട്ടാരം ഭജന സമാജത്തിന്റെ ആഭിമുഖ്യത്തിലാണ് ഈ യജ്ഞങ്ങൾ നടത്തുന്നത്. യജ്ഞത്തിന്റെ ഓരോ ദിവസവും വഴിപാടായി നടത്തുന്നതിനും അന്നദാനം നടത്തുന്നതിനും ഭക്തജനങ്ങൾക്ക് അവസരം ഒരുക്കിയിട്ടുണ്ട്.
മണ്ഡലഭജന
എല്ലാവർഷവും വൃശ്ചികം ഒന്നാം തീയതി മുതൽ 41 ദിവസം നീണ്ടുനില്ക്കുന്ന മണ്ഡല ഭജന, ദീപാരാധന എന്നിവ ശനിദോഷം മാററുന്നതിന് ഭക്തർ ആശ്രയിക്കുന്ന മറെറാരു വഴിപാടാണ്. കൊട്ടാരം ഭജന സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ മണ്ഡലഭജന നടത്തപ്പെടുന്നു. മണ്ഡലകാലത്ത് നിരവധി ഭക്തജനങ്ങൾ നിർമ്മാല്യദർശനം നടത്തി ആത്മനിർവൃതിയടയുന്നു. ശബരിമല ദർശനത്തിനായി പോകുന്ന ഭക്തജനങ്ങൾ ഈ ക്ഷേത്രത്തിലെത്തി നാളികേരം ഉടച്ച് പ്രാർത്ഥിച്ചാണ് മല കയറുന്നതിന് പോകുന്നത്.
വിനായക ചതുർത്ഥി
വിനായകചതുർത്ഥി ദിവസം അഷ്ടദ്രവ്യഗണപതിഹോമം, പുലിയന്നൂർ തന്ത്രിമുഖ്യൻ കാർമ്മികത്വത്തിൽ നടത്തപ്പെടുന്നു. സർവ്വവിഘ്ന നിവാരണത്തിനായിട്ടാണ് ഈ വഴിപാട് നടത്തുന്നത്.
നവരാത്രി ആഘോഷം
ക്ഷേത്രത്തിൽ നവരാത്രിയുടെ ഭാഗമായി നവാഹ യജ്ഞവും സംഗീത ഉത്സവം നടത്തിവരുന്നു. പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിൽ സരസ്വതി ദേവിയെ പ്രതിഷ്ഠിച്ച് പൂജവയ്പ് നടത്തുന്നു. വിജയദശമി ദിവസം പൂജയെടുപ്പ് ഭക്തിനിർഭരമായി നടത്തുന്നു. ഗുരുപ്രമുഖർ വിദ്യാരംഭത്തിന് നേതൃത്വം നൽകുന്നു.
പൗർണ്ണമി പൂജ - വാവുപൂജ
എല്ലാ മാസവും പൗർണ്ണമി ദിവസം പത്മം ഇട്ട് തയ്യാറാക്കിയ മണ്ഡപത്തിൽ വാവുപൂജ നടത്തിവരുന്നു. ആയുരാരോഗ്യസൗഖ്യത്തിനും അഭീഷ്ടവരസിദ്ധിക്കും വാവുപൂജ അത്യുത്തമമാണെന്ന് ജ്യോതിഷികൾ അഭിപ്രായപ്പെടുന്നു. ഗണപതി ഹോമവും വാവുപൂജയും ഒരുമിച്ചാണ് അന്നേ ദിവസം നടത്തേണ്ടത്.
അഷ്ടമിരോഹിണി
പുരാതനകാലം മുതൽതന്നെ ചന്ദ്രഭവനത്തിലെ വകയായി അഷ്ടമിരോഹിണി ആഘോഷിക്കുന്നു.
സംക്രമപൂജ
എല്ലാ സംക്രമ ദിവസവും ശ്രീധർമ്മശാസ്താവിന് ഇഷ്ടവഴിപാടായ അപ്പം നിവേദിക്കുന്നു.
തൃക്കാർത്തിക
വൃശ്ചികമാസത്തിലെ കാർത്തിക നാളിൽ ക്ഷേത്രം ദീപങ്ങളാൽ അലങ്കരിച്ച് ദേവസ്വ ത്തിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക ദീപാരാധനയോടുകൂടി തൃക്കാർത്തിക കൊണ്ടാടുന്നു.
മകരവിളക്ക് മഹോത്സവം
മകരസംക്രമനാളിൽ ദേവസ്വത്തിൻ്റെ അനുമതിയോടുകൂടി മകരജ്യോതി ട്രസ്റ്റ് മകര വിളക്ക് മഹോത്സവം അത്യാർഭാടപൂർവ്വം നടത്തുന്നു.